ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരുമായി തുടരുന്ന ഭിന്നതയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ റൂള്‍സ് ഓഫ് ബിസിനസ് വായിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് ഖാന് എന്ന കേരള ഗവര്‍ണര്‍ ആരെന്നും പിണറായി വിജയന് ശരിക്കും മനസിലാക്കാന്‍ പോകുന്നേയുള്ളൂവെന്ന് മുരളീധരന് പറഞ്ഞു.ട്വിറ്ററിലൂടെയാണ് മുരളീധരന്റെ പ്രതികരണം. ‘സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കും. മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ല’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കേരള സര്‍ക്കാരിന് മുകളില്‍ ഒരു റസിഡന്റില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനുള്ള മറുപടിയായിട്ടാണ് ഗവര്‍ണറിന്റെ പ്രസ്താവന. ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ഭരണഘടന പ്രകാരം ഗവര്‍ണറെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് സാധിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കോടതിയെ സമീപിക്കും മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചെന്നും ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടാതെ തരമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. താന്‍ ഭരണഘടന അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ ഭരണഘടനാ പ്രകാരമാണോയെന്ന് പരിശോധിക്കേണ്ടതിന്റെ ചുമതല തനിക്കുണ്ട്. ഈ നാട്ടില്‍ ഒരു നിയമം ഉണ്ടെന്നും ആരും നിയമത്തിനും ഭരണഘടനയ്ക്കും അതീതരല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.