കൊലപാതകശേഷം മുറി വൃത്തിയാക്കി, മൃതദേഹം പൊതിഞ്ഞ് ഉപേക്ഷിച്ചു; കൂടുതല്‍ പേരുടെ പങ്ക് സംശയിച്ച് പോലീസ്
കാസര്‍കോട്: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി കിടക്കവിരിയില്‍ പൊതിഞ്ഞ് ഫ്ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ് എടുത്തു കൊണ്ട് പോയി ഉപേക്ഷിക്കാന്‍ അഞ്ചാറ് മണിക്കൂറെങ്കിലും സമയം വേണം. ഇത്രയും കാര്യങ്ങള്‍ എങ്ങനെ ചെയ്തുവെന്ന് പരിശോധിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി അര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട സജീവും അര്‍ഷാദും തമ്മില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നത് എന്നതാണ് പോലീസ് നല്കുന്ന വിവരം. കൊലപാതകം നടന്ന ഫ്ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടന്നിരുന്നതായും അവിടെ കൂടുതല്‍പേര്‍ വന്നുപോയിരുന്നുവെന്ന വിവരവും പോലീസിനുണ്ട്. പിടികൂടുമ്പോള്‍ പോലും അര്‍ഷാദ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ചില ശാരീരിക പ്രശ്നങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ ഇയാള്‍ക്കുണ്ടായിരുന്നു. കാസര്‍കോട്ട് അറസ്റ്റിലായ പ്രതി അര്‍ഷാദിനെ ഇന്ന് വൈകിട്ടോടെ കൊച്ചിയില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവെയ്ക്കുന്നത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്ളാറ്റില്‍ പതിനാറാം നിലയിലാണ് സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിനോദയാത്രയ്ക്ക് പോയ മൂന്നുപേര്‍ തിങ്കളാഴ്ച തിരിച്ചുവന്നപ്പോള്‍ വാതില്‍ തുറന്നില്ല. സജീവിനെയും അര്‍ഷാദിനെയും ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച കൂട്ടുകാര്‍ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നപ്പോഴാണ് പ്ലാസ്റ്റിക് സഞ്ചിയും കിടക്കവിരിയും കൊണ്ട് പൊതിഞ്ഞനിലയില്‍ സജീവിന്റെ മൃതദേഹം കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദ്, അതിര്‍ത്തി കടക്കാനിരിക്കെ മഞ്ചേശ്വരത്ത് പിടിയിലായത്. ഇയാളുടെ ഇരുചക്രവാഹനത്തില്‍നിന്ന് 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എ.യും 104 ഗ്രാം ഹാഷിഷും കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെയും (23) അറസ്റ്റ് ചെയ്തു.