കാസർകോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആദൂര്‍: സ്കൂളിലേക്ക് പോയ ശേഷം കാണാതായ വിദ്യാര്‍ഥിയെ തിരച്ചിലിനൊടുവില്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ആദൂര്‍ ജിഎച്എസ്എസിലെ ഒമ്പതാം തരം വിദ്യാര്‍ഥിയും ആദൂര്‍ ചുക്കുവളപ്പിലെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ അഹ് മദ് മുസമ്മിലിനെ (14) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മറ്റൊരു കുട്ടിക്കൊപ്പം രാവിലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയതായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വൈകീട്ട് സ്കൂളില്‍ നിന്നും എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കാണാത്തതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരച്ചില്‍ നടത്തുന്നതിനിടെ സ്കൂളിന് തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിന്റെ ഗേറ്റില്‍ യൂണിഫോമും ചെരിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ചാലിലെ കുഴിയില്‍ നിന്നും മൃതദേഹം രാത്രി 10.30 മണിയോടെ കണ്ടെത്തിയത്.
മൃതദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.