ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ വെടിവെച്ച് യുവാവ്
പട്ന: ബിഹാറില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ വെടിയുതിര്‍ത്ത് യുവാവ്. പട്നയിലെ ഇന്ദ്രാപുരി മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയെ ശല്യംചെയ്ത യുവാവ്, പിന്നാലെയെത്തി കഴുത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 15 വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്യൂഷന് സെന്ററില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരേ ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പെണ്‍കുട്ടി വരുന്നതും കാത്തിരുന്ന യുവാവ്, പിന്നാലെയെത്തി ശല്യംചെയ്യുന്നതും തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കവറില്‍നിന്ന് തോക്കെടുത്ത് തൊട്ടടുത്തുനിന്ന് വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കഴുത്തിന് വെടിയേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. അതേസമയം, പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും സൂചനയുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്നാണ് പോലീസിന്റെ പ്രതികരണം. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.