ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോയി ഉപദ്രവിച്ചു; മലപ്പുറത്ത് പത്താംക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതികൾ പിടിയിൽ
മലപ്പുറം: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. വയലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരംകുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീർ എന്നിവരാണ് അറസ്റ്റിലായത്. ചൈൽഡ്ലൈൻ നൽകിയ വിവരമനുസരിച്ചാണ് കൽപകഞ്ചേരി പോലീസ് കേസെടുത്തത്.
പത്താംക്ലാസ് വിദ്യാർത്ഥി പഠനത്തിൽ പിന്നോക്കം പോയതോടെ രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് ചൈൽഡ്ലൈനിന്റെ സഹായത്തോടെ കൗൺസിലിംഗ് നടത്തിയിരുന്നു. തുടർന്നാണ് നാട്ടുകാരായ മൂന്നുപേർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ വിവരം കുട്ടി വെളിപ്പെടുത്തിയത്. ചൈൽഡ്ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഓട്ടോ ഡ്രൈവറായ റസാഖ് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകി. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.