പാർട്ടിയിൽ ഷാജഹാന്റെ വളർച്ച പ്രതികൾക്ക് പിടിച്ചില്ല, രാഖി പൊട്ടിച്ചതോടെ കൊല്ലാൻ തീരുമാനിച്ചു
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ പകയെന്ന് പൊലീസ്. പാർട്ടിയിൽ ഷാജഹാനുണ്ടായ വളർച്ചയും പ്രാദേശിക തർക്കങ്ങളെ തുടർന്ന് പെട്ടെന്നുള്ള പ്രകോപനങ്ങളും കൊലയ്ക്ക് കാരണമായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സിദ്ധാർത്ഥ്, ശിവരാജൻ, സജീഷ്, വിഷ്ണു എന്നിവർ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാന്റെ പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായിരുന്നു. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ ശത്രുത കനത്തു. പ്രതികൾ പാർട്ടിയുമായി അകന്നു. കൊലപാതക ദിവസം ശ്രീകൃഷ്ണജയന്തി ഫ്ളക്സ് സ്ഥാപിക്കുന്നതിലും തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണങ്ങളുണ്ട്. കൊലപാതകം നടന്ന ദിവസം നവീൻ രാഖികെട്ടിയത് ഷാജഹാൻ ചോദ്യംചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടിയെന്നും എസ്.പി പറഞ്ഞു. കൃത്യം നടത്തിയശേഷം പ്രതികൾ മൂന്ന് സംഘങ്ങളായാണ് രക്ഷപ്പെട്ടത്. ചിലർ മലമ്പുഴ കവയിലെ കോഴിമലയിലെത്തി 300 മീറ്ററോളം ഉയരത്തിൽ ഒളിച്ചിരുന്നു. നവീനിനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർത്ഥിനെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പിടിയിലായവരുടെ രാഷ്ട്രീയപശ്ചാത്തലം പരിശോധിക്കുകയാണ്. എട്ടുപേരെയാണ് ആദ്യം പ്രതിചേർത്തതെങ്കിലും കൂടുതൽ പേർക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.
തെളിവെടുപ്പ് നടത്തി
പ്രതികളിൽ അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ ഒളിവിൽ കഴിഞ്ഞിരുന്ന കോഴിമലയിലും കൊലപാതകം നടന്ന കുന്നങ്കാട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുത്തു. ഷാജഹാനെ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കുനിപ്പുള്ളി വിളയിൽപൊറ്റയിൽ കോരയാർപ്പുഴയുടെ സമീപത്തുള്ള പാടത്ത് നിന്നാണ് മൂന്ന് വാളുകൾ കണ്ടെടുത്തത്. വാളിന്റെ പിടിയിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും രക്തക്കറ കണ്ടെത്തി. പ്രതികൾ അവരവരുടെ വീടുകളിൽ നിന്നാണ് വാളുകൾ കൊണ്ടുവന്നത്. കുന്നങ്കാട്ട് പ്രതികളെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി.