സജീവനെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബന്ധുക്കൾ
കോഴിക്കോട്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മരിച്ച സജീവന്റെ സഹോദരൻ. മർദനത്തെ തുടർന്നാണ് സജീവൻ മരിച്ചതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ ക്രൈംബ്രാഞ്ചിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സജീവനെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാത്തത്? യാതൊരു ആരോഗ്യപ്രശ്നവും ഇല്ലാത്ത സജീവന്റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് മാതാവ് ജാനു പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് വടകര താഴെ കോലോത്ത് പൊൻമേരി പറമ്പിൽ സജീവൻ (42) മരിച്ചത്.
ജൂലായ് 21ന് രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിന് പിന്നാലെയായിരുന്നു നടപടി. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചപ്പോൾ, എസ് ഐ സജീവനെ മർദിച്ചെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ആരോപണമുയർന്നിരുന്നു.തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കേസിൽ പ്രതിചേര്‍ക്കപ്പെട്ട നാലു പൊലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.