തൃശൂരിലെ പ്ലസ് ടു വിദ്യാർത്ഥിനി നേരിട്ടത് ക്രൂരപീഡനം, നിർണായക വിവരങ്ങൾ പുറത്ത്
തൃശൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ വച്ച് സംഘം ചേർന്ന് പീഡനത്തിന് ഇരയാക്കിയ കേസിലെ മൂന്ന് പ്രതികളിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മൂന്നാമത്തെ പ്രതിയും ഉടൻ പിടിയിലായേക്കും. വാഹനസംബന്ധമായ കേസിൽപെട്ട പിതാവിനെ ജാമ്യത്തിലെടുക്കാനായി അമ്മയെയും ബന്ധുവിനെയും പറഞ്ഞയച്ചാണ് പ്രതികൾ പുന്നയൂർക്കുളത്തെ വീട്ടിലെത്തി പീഡനം നടത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടി എതിർത്തപ്പോൾ കൈകൾ കെട്ടിയിട്ടു. ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും അദ്ധ്യാപകർ പറയുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ആരുമില്ലാത്ത സമയത്ത് ട്യൂഷൻ സെന്ററിലും പീഡനമുണ്ടായി. പ്രതികൾ ട്യൂഷൻ സെന്ററിൽ നിന്ന് വരുന്നത് മറ്റ് വിദ്യാർത്ഥികൾ കണ്ടതായും മൊഴിയിലുണ്ട്.
ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും കാര്യമായെടുത്തില്ല. പിതാവ് തന്നെയാണ് പെൺകുട്ടിയുമായി ഇടപഴകാൻ പ്രതികൾക്ക് സൗകര്യം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞദിവസം ഒന്നാം പ്രതി കാപ്പിരിക്കാട് സ്വദേശി ഷാഫി (26) അറസ്റ്റിലായിരുന്നു.
വിദ്യാർത്ഥിനി ക്ലാസിൽ വരാത്തതിന്റെ കാരണം ഫോണിൽ തിരക്കിയ അദ്ധ്യാപികയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയാൻ വഴി തുറന്നത്. ഈ മാസം കുട്ടി തുടർച്ചയായി ക്ലാസിലെത്തിയില്ല. ഫോണിൽ അന്വേഷിച്ചപ്പോൾ കുട്ടിയുടെ മറുപടിയിൽ സംശയം തോന്നിയ അദ്ധ്യാപിക സ്കൂളിൽ വിളിച്ചുവരുത്തി കൗൺസിലിംഗിന് നിർദേശിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് വടക്കേകാട് പൊലീസ് കേസെടുത്തത്.