കൊല്ലം: വൃദ്ധയായ അമ്മായിയമ്മയെ വീടിനുപുറത്താക്കി ഗേറ്റടച്ച് മരുമകള്‍, നിസഹായായ ആ അമ്മയുടെ കരിച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിച്ചു. കൊല്ലം പരവൂര്‍ ചിറക്കരത്താഴത്ത് സുലോചനയമ്മയ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായത്.മരുമകളുടെ പീഡനമേറ്റ് കഴിയുകയായിരുന്നു വര്‍ഷങ്ങളായി സുലോചനയമ്മ. സാന്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബമാണ്. മകന് മസ്ക്കറ്റില്‍ ഉയര്‍ന്ന ജോലിയില്‍. എന്നിട്ടും അമ്മയുടെ കാര്യങ്ങള്‍ നോക്കാനോ സാന്പത്തിക സഹായം നല്‍കാനോ മകനും തയാറായിരുന്നില്ല. മകന് പ്രതിമാസം അമ്മയ്ക്ക് നല്‍കിയിരുന്നത് 750 രൂപയായിരുന്നു. വീട്ടിലെ ജോലി മുഴുവന്‍ ചെയ്തും നേരാവംവണ്ണം ആഹാരം പോലും കഴിക്കാതെയുമാണ് താന്‍ ഇത്രയും നാള് ഇവിടെ കഴിഞ്ഞു കൂടിയിരുന്നതെന്ന് സുലോചനയമ്മ പറഞ്ഞു. ഇന്നു രാവിലെ മരുമകള്‍ വീടിനു അവരെ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ചോദിക്കാന്‍ വന്ന അയല്‍ക്കാരോട് തന്റെ വീട്ടിലെ കാര്യം താന്‍ നോക്കിക്കൊള്ളാം എന്ന മറുപടിയാണ് മരുമകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പോലീസുകാരോടും അവര്‍ തട്ടിക്കയറി. അയല്‍വാസികളുടെ സംരക്ഷണയിലാണ് സുലോചനയമ്മ ഇപ്പോള്‍. എന്തു വന്നാലും താന്‍ ഈ വീട്ടില്‍ നിന്നു പോകില്ലന്നും അവിടെ കിടന്നു മരിക്കണമെന്നുമാണ് സുലോചനയമ്മയുടെ നിലപാട്. വിഷയത്തില്‍ ഇടപെടുമെന്നും ശക്തമായ നടപടികളെടുക്കുമെന്നും വനിതാ കമ്മീഷന് അറിയിച്ചു.