കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍
കാസര്‍കോട്: ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന അര്‍ഷാദിനെ പോലീസ് പിടികൂടി. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന് സജീവ് കൃഷ്ണ(22)-നെ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അര്‍ഷാദിന്റെ ഫോണ്‍ തേഞ്ഞിപ്പലത്തിന് സമീപത്ത് നിന്നായി ഇന്നലെ മുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാള്‍ക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് പിടിയിലായത്.
ഇതിനിടെ, മരിച്ച സജീവ് കൃഷ്ണയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശരീരത്തില്‍ 20-ലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും നെഞ്ചിലും തലയ്ക്കും ആഴത്തിലുള്ള മുറിവാണുള്ളത്.
ഇന്ഫോപാര്ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലായിരുന്നു കൊലപാതകം നടന്നത്. ഫ്ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ഇവര്‍ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
സംശയം തോന്നിയതോടെ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്.