വയനാട്: മകള്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്ത പിതാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. വയനാട് ബത്തേരിയിലാണ് സംഭവം. കാര്യമ്പാടി സ്വദേശി ജോസഫിന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. തുടയെല്ലുകള്‍ പുറത്തുവന്നും മുട്ടുചിരട്ട തകര്‍ന്ന നിലയിലും ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ നിന്നും വീണ് മകള്‍ക്കും പരിക്കേറ്റു.
മകള്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്യാന്‍ പിതാവ് വീണ്ടും ബസിന്റെ വാതിലില്‍ കയറി. ഇതോടെ പ്രകോപിതരായ ജീവനക്കാര്‍ പിതാവിനെ റോഡിലേക്ക് തള്ളിയിട്ടു ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് മകളുടെ മൊഴി. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.