കല്ലമ്ബലം: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വധുവിനെ കാണാതായി. തിരുവനന്തപുരം കല്ലമ്ബലത്താണ് സംഭവം. പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാടുവിട്ടുവെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. വിവാഹത്തിന് കരുതി വച്ചിരുന്ന ഇരുപത് പവന് സ്വര്‍ണവും കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.
കല്ലറ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്നത്തെ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഉറക്കത്തിനിടെ എഴുന്നേറ്റ അമ്മയാണ് മകള്‍ വീട്ടിലില്ലെന്ന് ആദ്യം മനസിലാക്കിയത്.
തുടര്‍ന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.