ലേലത്തിൽ സ്യൂട്ട്കേസ് വാങ്ങി; വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ മൃതദേഹം
വെല്ലിംഗ്ടൺ: കുറഞ്ഞ വിലയ്ക്ക് നല്ല സാധനങ്ങൾ കിട്ടുമ്പോൾ വാങ്ങാത്തവരായി ആരുമില്ല. അത്തരത്തിൽ ലേലത്തിൽ വാങ്ങിയ ഒരു സ്യൂട്ട്കേസ് വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ അതിനുള്ളിൽ നിന്ന് ഗൃഹനാഥന് ലഭിച്ചത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. ന്യൂസിലൻഡിലെ സൗത്ത് ഓക്ക്ലാൻഡിലാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച സാധനങ്ങൾ വാങ്ങുന്നതിനായി കുടുംബം പുറത്തുപോയിരുന്നു. അതിനിടെ കുറഞ്ഞ വിലയ്ക്ക് ഓൾഡ് സ്റ്റോക്ക് വിറ്റഴിക്കുന്നത് കണ്ടതോടെ ലേലത്തിൽ സ്യൂട്ട്കേസ് വാങ്ങുകയായിരുന്നു. തിരക്കിനിടയിൽ വിശദമായി പരിശോധിക്കാതെയാണ് ഇവർ സ്യൂട്ട്കേസ് വാങ്ങിയത്. അതിനാൽ തന്നെ വീട്ടിലെത്തിയ ശേഷം തുറന്നപ്പോഴാണ് ശരീരാവശിഷ്ടങ്ങൾ കണ്ടത്. തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വീട്ടിൽ നിന്നും ഒരു വൃത്തികെട്ട ഗന്ധം പുറത്തുവന്നിരുന്നു എന്ന് അയൽക്കാരും പൊലീസിനോട് പറഞ്ഞു. ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയാൽ മാത്രമേ സംഭവത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിയൂ എന്നും അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായും പൊലീസ് അറിയിച്ചു.