കാസര്‍കോട്: അപകടത്തില്‍പെട്ട മിനി ലോറിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി.ഇരുവരെയും തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും സംഘത്തില്‍ ഒരാള്‍ കൊലക്കേസ് പ്രതിയാണെന്നും പോലീസ്. കുമ്പള ബന്തിയോട് ബൈത്തല സ്വദേശി അബ്ദുല്‍ ലത്വീഫ്, കൊച്ചി സ്വദേശി മനു എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. 2019 ജൂണില്‍ കുമ്പള പ്രതാപ് നഗര്‍ പുളിക്കുത്തിയിലെ അല്‍ത്താഫിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അബ്ദുല്‍ ലത്വീഫ്. അതിനിടെ അറസ്റ്റിലായ ഇടപ്പള്ളി ഉണിച്ചിറ തൈക്കാവിലെ ഫായിസ് അമീനെ(19) കോടതി റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് ഉളിയത്തടുക്കയ്ക്ക് സമീപം ടൗണ്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാസര്‍കോട് ഭാഗത്ത് നിന്ന് എത്തിയ മിനിലോറിയും ബൈക്കുംപോലീസിനെ വെട്ടിച്ചു പോയത്. പോലീസ് വാഹനത്തില്‍ പിന്തുടര്ന്നപ്പോള് മായിപാടി ഡയറ്റ് കോമ്പൗണ്ടിലേക്ക് മിനിലോറി ഓടിച്ചുകയറ്റി മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും ബൈക്കിലുണ്ടായിരുന്ന ഒരാളും ഓടിയെങ്കിലും ഫായിസിനെ മായിപ്പാടി കൊട്ടാരത്തിന്റെ സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു
ലത്വീഫിന്റെ സ്വന്തം പേരിലുള്ളതാണ് ഈ ബൈക്ക്. മനുവാണ് മിനിലോറി ഓടിച്ചിരുന്നത്. മിനിലോറിയിലെ മീന്‍ പെട്ടികള്‍ക്കിടയില്‍ നിന്നാണ് ഒളിപ്പിച്ചുവെച്ച ഒമ്പത് കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തത്. ഇതിന് മൊത്തം 18 കിലോ തൂക്കം വരും.ജയിൽവാസത്തിനിടയിലാണ് പ്രതികൾ കണ്ടുമുട്ടി കഞ്ചാവ്കടത്ത്ആസൂത്രണം ചെയ്തത്. ഇവർക് മീൻലോറി കിട്ടിയതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട മത്സ്യവ്യാപാരിയെ പോലീസ് നിരീക്ഷിച്ചുവരികയാണ്.