കോഴിക്കോട്: മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവർത്തന രംഗത്തെത്തിയത്. മലയാളം വാരിക അസി. എഡിറ്റർ, മംഗളം ഡെപ്യൂട്ടി ഡയറക്ടർ, എക്സിക്യുട്ടീവ് എഡിറ്റർ, ലെഫ്റ്റ് ബുക്സ് മാനേജിങ് എഡിറ്റർ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അൺ എയ്ഡഡ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ പിഎച്ച്ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചു. വന്ദന ശിവയുടെ വാട്ടർ വാർസ് എന്ന പുസ്തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തു. സിപിഐ എം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കൾ: അക്ഷയ്(സിവിൽ സർീവീസ് കോച്ചിങ് വിദ്യാർഥി), നിരഞ്ജന (പ്ലസ്വൺ വിദ്യാർഥിനി). കണ്ണൂർ പാനൂർ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം. മൃതദേഹം രാവിലെ പത്തരക്ക് പ്രസ്ക്ലബിൽ പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം വൈകിട്ട് 5.30ന് പാനൂരിലെ വീട്ടുവളപ്പിൽ .