കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ദര്‍പ്പണം പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി എം.വി ഗോവിന്ദന്
കാസര്‍കോട് :വിവിധ സാഹചര്യങ്ങള്‍ മൂലം മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സ്ത്രീകളെ നൈപുണ്യ വികസനത്തിലൂടെ തൊഴിലിലേക്കും ബിരുദത്തിലേക്കും നയിക്കുന്ന ദര്‍പ്പണം പദ്ധതിയിലൂടെ രാജ്യത്തിന് മാതൃകയാകുന്ന ഒരു പ്രവര്‍ത്തനത്തിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ദര്‍പ്പണം പദ്ധതി വിദ്യാ നഗര്‍ അസാപ് സ്കില്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടമ്മമാരെ തൊഴിലിലേക്കും ബിരുദത്തിലേക്കും എത്തിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുടുംബശ്രീ, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, അസാപ്പ് എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകരില്‍ നിന്ന് പ്രവേശനപരീക്ഷയും അഭിമുഖവും നടത്തിയാണ് പഠിതാക്കളെ തെരഞ്ഞെടുക്കുന്നത്. ഫൗണ്ടേഷന് കോഴ്സുകള്‍ നല്കി ജോബ് ഫെയറിലൂടെ ഇവര്‍ക്ക് ജില്ലാ പഞ്ചായത്ത് ആദ്യം തൊഴില്‍ ഉറപ്പാക്കും. ഇതിന് ശേഷമാണ് ബിരുദപഠനം. തൊഴില്‍ നേടാനായാല്‍ ബിരുദത്തിന് തയ്യാറെടുക്കാനുള്ള ആത്മവിശ്വാസവും വീട്ടിലെ അനുകൂല അന്തരീക്ഷവും ഉറപ്പാക്കാന്‍ കഴിയും.
സ്ത്രീകളുടെ കരിയര്‍ ബ്രേക്ക് മറികടക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടത്തേണ്ടിയിരിക്കുന്നു. വിവാഹമാകുമ്പോള്‍ തൊഴിലും പഠനവും ഉപേക്ഷിച്ച് വീട്ടിലൊതുങ്ങേണ്ടി വരുന്ന നിരവധി സ്ത്രീകളുണ്ട്. ഇവരെ തൊഴിലിലേക്കും പഠനത്തിലേക്കും മടക്കിക്കൊണ്ടുവരാനുള്ള ഇടപെടലാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് നടത്തുന്നത്. മികച്ച വിദ്യാഭ്യാസവും തൊഴിലും വരുമാനവുമുണ്ടെങ്കില്‍ മാത്രമേ സ്ത്രീക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകൂ. തുല്യത എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സ്വന്തം കാലിലുള്ള നില്‍പ്പ് അനിവാര്യമാണ്. സാമൂഹ്യമായ സ്ത്രീകള്‍ക്ക് മാത്രമുള്ള പല നിയന്ത്രണങ്ങളെയും അതിജീവിക്കാന്‍ വിദ്യാഭ്യാസം പ്രാപ്തരാക്കും. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും സ്ത്രീകളെ എത്തിക്കാന്‍ ആവശ്യമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
ജനോപകാരമായതും, ഭാവനാപരമായതും ശാസ്ത്രീയവുമായ എല്ലാത്തിനും പിന്തുണയേകുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇനിയും ഇത്തരത്തിലുള്ള പദ്ധതികള്‍ വന്നാല്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വൈജ്ഞാനിക സമൂഹവും വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥയുമാക്കി മാറ്റണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളം ലോകത്തിനു മുന്നില്‍ തന്നെ വളരെ ശ്രദ്ധേയമായ രീതിയില്‍ നേട്ടം കൈവരിച്ച നാടാണ്. ഏറ്റവും കൂടുതല്‍ പ്രായമുള്ളവരുടെ നാടായിട്ട് കേരളം ഇപ്പോള്‍ മാറുകയാണ്. ആരോഗ്യ സംരക്ഷണത്തില്‍ ഫലപ്രദമായ സൗകര്യമുണ്ട്. നല്ല വസ്ത്രങ്ങള്‍ ധരിക്കാനുള്ള സാഹചര്യമുണ്ട്. 4 വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും വീടാകും. ഏതറ്റം വരെയും പഠിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മ പരിഹരിക്കുക എന്നത് കേരളത്തിന്റെ മുഖ്യ അജണ്ട ആയിട്ടാണ് ഗവണ്മെന്റ് എടുക്കുന്നത്. 20 ലക്ഷം ആളുകള്‍ക്ക് നാല് വര്‍ഷത്തിനകം തൊഴില്‍ നല്‍കും. കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായമായിരിക്കും അത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ 29 ലക്ഷം ആളുകള്‍ക്ക് വ്യക്തിത്വ വികസനത്തോടുകൂടി ഇംഗ്ലീഷ് ഭാഷ പഠിക്കാനും അവസരം നല്‍കും. അതിനായി സര്‍ക്കാര്‍ ബ്രിട്ടീഷ് കൗണ്‍സിലുമായി കരാര്‍ ഒപ്പുവെച്ചു. കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പ് ഫലപ്രദമായി പ്രവര്‍ത്തന രംഗത്തേക്ക് വരികയാണ്. ലോകത്ത് ലക്ഷക്കണക്കിന് തൊഴിലാളികളെ അന്വേഷിക്കുന്നവരുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസാപ്പ് ഹെഡ് സി.എസ്.പി ഇ.വി സജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജാസ്മിന് കബീര്‍, ഷെഫീക്ക്, നവകേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം കെ.ജി വിദ്യാധരന്, ലിന്ക് ഡയറക്ടര്‍ ഹരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന് സ്വാഗതവും അസാപ്പ് ജില്ലാ പ്രോഗാം മാനേജര്‍ പി.വി സുജീഷ് നന്ദിയും പറഞ്ഞു.