ജില്ലയിലെ ദേശീയ പാത നിര്‍മാണം 2024 മേയില്‍ പൂര്‍ത്തീകരിക്കും-
മന്ത്രി പി.എ മുഹമ്മദ് റിയാസ്
കാസർകോട് :ജില്ലയിലെ ദേശീയ പാത വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും 2024 മേയ് 15നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ മേല്‍പ്പാലം നിര്‍മാണ പുരോഗതി നേരില്‍ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ പാത അതോറിറ്റി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുമ്പളയിലെ പാലം 2022 ഡിസംബറിലും കാസര്‍കോട് മേല്‍പ്പാലം 2023 അവസാനവും തുറന്നു കൊടുക്കും. കാസര്‍കോടിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. സംസ്ഥാനത്തെ 9 ജില്ലകളിലും അതിവേഗമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ദേശീയ പാത. നിശ്ചയിച്ച തീയതിക്ക് മുന്‍പ് തന്നെ പൂര്‍ത്തീകരിക്കും വിധമാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദേശിയ പാത പ്രവര്‍ത്തിയുടെ ഓരോ കാര്യവും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്. ചില ജില്ലകളില്‍ കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട്. ദേശിയ പാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ചിലയിടത്ത് വ്യക്തികളും പ്രദേശ വാസികള്‍ ഒന്നിച്ചും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചില പ്രശ്നങ്ങള്‍ അറിയിച്ചു. അവയൊക്കെയും വേഗം പരിഹരിച്ചു മുന്നോട്ട് പോകും. ദേശീയ പാത അതോറിറ്റി വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടും. തിരുവനന്തപുരത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തില്‍ എല്ല വിഷയങ്ങളും ചര്‍ച്ച ചെയ്യും.
ദേശീയ പാതയുടെ നിര്‍മാണ പുരോഗതി ഓരോ ജില്ലയിലും തുടര്‍ച്ചയായി നടത്തുന്നുണ്ട്. എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണം എന്ന ലക്ഷ്യത്തോടെ ആണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എം.പിമാര്‍, എം.എല്‍.എ മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ എന്നിവര്‍ പൂര്‍ണ്ണമായും യോജിച്ച് മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു.
രാജ് മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ദേശീയ പാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ബി.എല്‍.മീണ, പ്രോജക്ട് ഡയറക്ടര്‍ പുനില്‍കുമാര്‍, എം.വി.ബാലകൃഷ്ണന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.
ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മഞ്ചേശ്വരത്ത് പൊതുമരാമത്ത് ടൂറിസം യുവജന കാര്യവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി. രാജ് മോഹന്‍ ഉണ്ണിത്താന് എം.പി, എ.കെ.എം അഷ്റഫ് എം.എല്‍എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ദേശീയപാതാ അതോറിറ്റി റീജ്യണല്‍ ഓഫീസര്‍ ബി.എല്‍ മീണ മന്ത്രിയെ സ്വീകരിച്ചു. എന്‍എച്ച്എഐ (കണ്ണൂര്‍ ) പ്രൊജക്ട് ഡയറക്ടര്‍ പുനില്‍ കുമാര്‍, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി നിര്‍മാണം പുരോഗമിക്കുന്ന കുമ്പള പാലവും പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.