കാഞ്ഞങ്ങാട്:അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ സ്ഥാനംപിടിച്ചിട്ടുള്ള ബേക്കല്‍കോട്ട സ്ഥിതിചെയ്യുന്ന പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ ക്ക് ദുരിതായനം.സ്ത്രീകള്‍,വൃദ്ധന്മാര് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ട്രയില്‍ കയറാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ടാണ് ഏറെ പ്രധാനം. പ്ലാറ്റ്ഫോമിന്റെ ഉയരം കുറഞ്ഞതാണ് യാത്രക്കാരുടെ യാത്രയ്ക്ക് അസൗകര്യമുണ്ടാക്കുന്നത്. ബേക്കല്‍ റെയില്‍വെ സ്റ്റേഷന്റെ നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.മുമ്പ് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കരുണാകരന് കേന്ദ്രറെയില്‍വേ മന്ത്രിയുമായി സംസാരിക്കുകയും റെയില്‍വെ സ്റ്റേഷന്റെ പോരായ്മകള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുകയും അതിന്റെ ഭാഗമായി ചില മിനുക്കുപണികള്‍ നടത്തിയിരുന്നുവെങ്കിലും പ്ലാറ്റ്ഫോമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ നിര് ദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല.കരാറുകാരുടെ മെല്ലപ്പോക്കാണ് ഇത്തരം പ്രവൃത്തികളുടെ വേഗത കുറയ്ക്കുന്നതെങ്കിലും മുന്‍കാല പ്രവൃത്തികളുടെ കുടിശ്ശിക ബാക്കിയായതിനാലാണ് കരാറുകാര്‍ പിന്നോട്ട് പോകുന്നതെ ന്നും വിവരമുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ പരമപ്രധാനമായ ബേക്കല്‍കോട്ട സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പ്രധാന ട്രയിനുകള്ക്കൊന്നും സ്റ്റോപ്പില്ലാത്ത ഈ റെയില്‍വേസ്റ്റേഷനില്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യങ്ങള്ക്കും അധികൃതര്‍ ചെവികൊടുക്കുന്നില്ല.ഈ സ്റ്റേഷന്റെ നവീകരണത്തിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ക്കും ഏറെ പ്രതിഷേധമുണ്ട്.കാസര്‍കോട് പാര്‍ലമെന്റ്ംഗം രാജ്മോഹന്‍ ഉണ്ണിത്താന് ബേക്കല്‍,കാഞ്ഞങ്ങാട്,നീലേശ്വരം റെയില്‍വേസ്റ്റേഷനുകളുടെ കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ഈ റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിലും ഏറെ പ്രതീക്ഷയുണ്ട്.ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച ഈ റെയില്വേസ്റ്റേഷന് എഴുപതാണ്ടിനു ശേഷവും വികസനമെന്നത് സാക്ഷ്യപ്പെടുത്താന്‍ ഒന്നുമില്ലാത്തവസ്ഥയാണ്.കാലാകാലങ്ങളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളും പെയിന്റിംങ് വര്‍ക്കുകളും മാത്രമേ ഇപ്പോഴും നടക്കുന്നുള്ളുവെന്ന് നാട്ടുകാരും റെയില്‍വേ യാത്രക്കാരുടെ സംഘടനകളുടെ ഭാരവാഹികളും പറയുന്നു.എന്നാല്‍ സ്വദേശികളും വിദേശികളുമായി ബേക്കലിലെ ചരിത്രപ്രധാനമായ ബേക്കല്‍കോട്ട സന്ദര്‍ശിക്കാനെത്തുന്നവര്‍ ട്രയിനിറങ്ങി ഇവിടുത്തെ അസൗകര്യങ്ങള്‍ നേരിട്ടനുഭവിച്ച് മൂക്കത്ത് വിരല്വെയ്ക്കുന്ന സ്ഥിതിയാണുള്ളത്.പ്രധാന ട്രയിനുകള്ക്കൊന്നും സ്റ്റോപ്പിലാത്തതിനാല് കാസര്‍കോട്ടും കാഞ്ഞങ്ങാടും എത്തിയാണ് തദ്ദേശവാസികള്പോലും ദീര്‍ഘദൂര ട്രെയിന്‍യാത്ര നടത്തുന്നത്.റെയില്‍വെ സ്റ്റേഷന് പ്ലാറ്റ്ഫോമിന് ഉയരം വര്‍ദ്ധിപ്പിക്കുകയും ജീവനക്കാരെ ആവശ്യത്തിന് നിയമിക്കുകയും ചെയ്ത് അന്താരാഷ്ട്ര പ്രശസ്തിയുള്ള കാസര്‍കോട് ജില്ലയിലെ മറ്റൊരു റെയില്‍വെ സ്റ്റേഷനാക്കാന്‍ ഭരണാധികാരികളും നിയമസഭാ ലോകസഭാ പ്രതിനിധികളും റെയില്‍വെ അധികൃതരും ആത്മാര്‍ത്ഥമായി ഇടപെടമെന്നാണ് തദ്ദേശവാസികളും യാത്രക്കാരും ഒരുപോലെ ആവശ്യപ്പെടുന്നത്.