‘ ഓഗസ്റ്റ് 15 ന് കൊല്ലുമെന്നുളള വാട്സാപ് സന്ദേശം’ ; മകനെ കൊന്നത് കൂടെ നടന്നവര്‍ തന്നെയെന്ന് അമ്മ
മലമ്പുഴയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നു ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം. നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്നവരും പിന്നീടു ബിജെപിയില്‍ ചേര്‍ന്നവരുമാണ് ഇവര്‍. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്ന് ഷാജഹാന്റെ ഭാര്യാ സഹോദരന് പറഞ്ഞു.
മകന്റെ കൂടെ നടന്നവര്‍ തന്നെയാണു ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നും അമ്മ എസ്. സുലേഖ പറഞ്ഞു. ഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്നു വാട്സാപ് സന്ദേശം ലഭിച്ചതായി സുഹൃത്ത് മുസ്തഫയും പറഞ്ഞു. വീടിനടുത്തുള്ള നവീന്‍ എന്നയാളാണു സന്ദേശം അയച്ചതെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു.
ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളുയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായത്. ബിജെപി അനുഭാവികളായ എട്ടുപേരാണു കൊലയ്ക്കു പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്കിയ മൊഴി. അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ. രാജുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
കൊലപാതകത്തിനു കാരണമായതു രാഷ്ട്രീയ വിരോധമാണോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഇന്നലെ രാവിലെയുള്ള നിലപാട്. എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വൈകിട്ട് പുറത്തുവന്നതോടെ കൊലയുടെ കാരണം സംബന്ധിച്ചു വ്യക്തത വന്നു.