കാസർകോട്: കലയുടെ കൈവഴികളില്‍ ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നാള്‍വഴികളും വിളക്കിച്ചേര്‍ത്തുള്ള സാക്ഷരതാമിഷന്റെ ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ രണ്ടാംഘട്ട പര്യടനം വെള്ളിയാഴ്ച (ജനുവരി 17 ) ജില്ലയില്‍ നിന്ന് ആരംഭിക്കും. രാവിലെ 9.30ന് കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ നടക്കുന്ന സ്വീകരണ ചടങ്ങ് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 2.30ന് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എയും 4.30ന് നീലേശ്വരം ബസ്സ്റ്റാന്റില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും ഉദ്ഘാടനം ചെയ്യും. കലാജാഥ 30 ന് തിരുവനന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മാനവ മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാജ്യത്ത് വ്യത്യസ്ത ജനവിഭാഗങ്ങള്‍ നടത്തിയ അവകാശ പ്രക്ഷോഭങ്ങളുടെയും ആശയസമരങ്ങളുടെയും തുടര്‍ച്ചയായി രൂപപ്പെട്ട ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ നാള്‍വഴികള്‍ വരച്ചുകാട്ടിയുള്ള ലഘുപുസ്തകവും സാക്ഷരതാമിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഭരണഘടന നിലവില്‍ വന്നിട്ട് എഴുപതുവര്ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുക, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകളും അതിന്റെ ചരിത്രവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സാക്ഷരതാമിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആദിവാസി ഊരുകള്‍, പട്ടികജാതി കോളനികള്‍, തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ ഭരണഘടനാ സാക്ഷരതാ ക്ലാസുകളും അനുബന്ധപരിപാടികളും നടന്നുവരികയാണ്.ജനുവരി 25 ന് സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളില്‍ ഒരു കേന്ദ്രത്തില്‍ 100 പേര് ക്രമത്തില്‍ അഞ്ചുലക്ഷം പേര് ഭരണഘടനയുടെ ആമുഖം വായിക്കും.
അറിയാം ഇന്ത്യന്‍ ഭരണഘടനയെ
പാട്ട്, കവിത, നൃത്തം, നാടകം, ദൃശ്യാവിഷ്കാരം, സംഗീത ശില്പം തുടങ്ങിയ പരിപാടികളിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വവും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രവും കാസര്‍കോട് നിന്നാരംഭിക്കുന്ന കലാജാഥ വിവരിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ മാനവിക തലങ്ങള്‍ വിവിധ സര്‍ഗസൃഷ്ടികളിലൂടെ സാധാരണക്കാരുടെ ബോധമണ്ഡലത്തിലേക്കെത്തിക്കുകയാണ് കലാജാഥയുടെ ലക്ഷ്യം.രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഒരുകാലത്ത് അനുഭവിക്കേണ്ടിവന്ന സാമൂഹിക വിഷമതകളും അതിനെ ചെറുക്കുന്ന ഭരണഘടനയിലെ വിഭാവനകളും കോര്‍ത്തിണക്കിയാണ് കലാപരിപാടിയിലെ ഓരോ ഇനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അസമത്വവും അനാചാരങ്ങളും കൊടിക്കുത്തിവാണ പഴയകാലത്തിന്റെ ഓര്‍മപ്പെടുത്തലുകളും പുതിയകാലത്തെ ഉണര്‍വും കലാജാഥയില്‍ കാണാനാകും.സച്ചിദാനന്ദന്റെ ഗാന്ധി എന്ന കവിതയെ ആസ്പദമാക്കി രാജേഷ് കോക്കൂര്‍ അവതരിപ്പിക്കുന്ന സംഗീതശില്പം,’മനുഷന് മതങ്ങളെ സൃഷ്ടിച്ചു’ എന്ന വയലാറിന്റെ ഗാനം സ്വയം പാടി പൂര്‍ത്തിയാക്കുന്നതിനോടൊപ്പം ഭരണഘടനാ ശില്പികളുടെ ചിത്രവും വരച്ചുകാട്ടുന്ന കാര്ത്തികേയന് ഏഴാംകണ്ടിയൂര്, വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന മൂല്യച്യുതികള്‍ വിവരിക്കുന്ന ജയചന്ദ്രന് തകഴിയുടെ ഏകാംഗനാടകം, 91 കാലഘട്ടത്ത് എന്‍.എസ്.മാധവന് എഴുതിയ ‘ബോംബെ’എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകം, ഡോ.രാവുണ്ണി എഴുതിയ ‘ഇത് നമ്മുടെ റിപ്പബ്ലിക് എന്ന പാട്ടിനെ അധിഷ്ഠിതമാക്കിയുള്ള കലാവതരണം തുടങ്ങിയവയെല്ലാം കലാജാഥയുടെ മുഖ്യ ഇനങ്ങളാണ്.കേരള സംഗീതനാടക അക്കാദമി എക്സിക്യുട്ടീവ് അംഗം അഡ്വ.പ്രേം പ്രസാദാണ് കലാജാഥയുടെ മുഖ്യ സംഘാടകന്‍.