വ്യാജനെ തടയാന്‍ ഒരു വഴിയുമില്ല; ‘പുക’യില്‍ കുടുങ്ങി മോട്ടോര്‍ വാഹനവകുപ്പ്
ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജസോഫ്റ്റ്വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയെങ്കിലും സാങ്കേതികപരിമിതികള്‍കാരണം ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പരിശോധനയ്ക്കെത്തിക്കാത്ത വാഹനത്തിന്റെ ചിത്രവും കൃത്രിമ റിസള്‍ട്ടും ഉള്‍ക്കൊള്ളിച്ചാണ് എറണാകുളത്ത് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. വാഹനപുകപരിശോധനാകേന്ദ്രങ്ങളിലെ യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കാനുള്ള സംവിധാനങ്ങളൊന്നും മോട്ടോര്‍ വാഹന വകുപ്പിനില്ല. ഒരുവാഹനംതന്നെ വ്യത്യസ്തയന്ത്രങ്ങളില് പരിശോധിച്ചാല്‍ വിഭിന്നഫലം കിട്ടും. ഇതില്‍ ഏതാണ് ആധികാരികമെന്നുചോദിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് കുടുങ്ങും.
യന്ത്രങ്ങള്‍ വിതരണംചെയ്ത ഏജന്‍സികള്‍ നിശ്ചിതകാലയളവില്‍ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് സാക്ഷ്യപത്രം നല്‍കണമെന്ന നിബന്ധന മാത്രമാണുള്ളത്. ഏജന്‍സി നല്കുന്ന സാക്ഷ്യപത്രം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ലൈസന്‍സ് പുതുക്കിനല്‍കും. സാക്ഷ്യപത്രത്തിന്റെ ആധികാരികത പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിതന്നെ പുകപരിശോധനായന്ത്രങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താതെ ക്രമക്കേട് തടയാനാകില്ല.
മോട്ടോര്‍വാഹനവകുപ്പ് പുകപരിശോധനായന്ത്രങ്ങള്‍ വാങ്ങിയിരുന്നെങ്കിലും പ്രായോഗികബുദ്ധിമുട്ടുകള്‍ കാരണം ഉപേക്ഷിച്ചു. പുകപരിശോധനാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. നാലുലക്ഷം രൂപയുടെ ഉപകരണങ്ങളും രണ്ടുകാറുകള്‍ക്കുള്ള സ്ഥലവുമുണ്ടെങ്കില്‍ കേന്ദ്രം തുടങ്ങാം. ഒരുവര്‍ഷം മുമ്പാണ് സംസ്ഥാനത്തെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനാക്കിയത്.
പരിശോധനയും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതൊഴിവാക്കി. പകരം പുകപരിശോധനാകേന്ദ്രങ്ങളിലെ യന്ത്രങ്ങള്‍ നല്കുന്ന റിസള്‍ട്ട് ഓണ്‍ലൈന്‍വഴി മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്കാന് തീരുമാനിച്ചു. ഇതാണ് ക്രമക്കേടിന് വഴിയൊരുക്കിയത്. ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന യന്ത്രങ്ങളുടെയും സോഫ്റ്റ്വേറിന്റെയും ആധികാരികത ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വാഹന്‍ സോഫ്റ്റ്വെയറിനും കഴിയുന്നില്ല.