സൈനികനെ കാണാതായിട്ട് 38 വർഷം; സിയാച്ചിനിലെ പഴയ ബങ്കറിൽ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡ്: കാണാതായ സൈനികന്റെ മൃതദേഹം 38 വർഷത്തിന് ശേഷം സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തി. പട്രോളിംഗിനിടെയുണ്ടായ ഹിമപാതത്തിലാണ് സൈനികനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് 19 കുമയൂൺ റെജിമെന്റിലെ സൈനികനായിരുന്ന ചന്ദ്രശേഖർ ഹർബോളയുടെ മൃതദേഹം റാണിഖേത്തിലെ സൈനിക ഗ്രൂപ്പ് കണ്ടെത്തിയത്.
1984ൽ പാക്കിസ്ഥാനെ നേരിടാൻ ‘ഓപ്പറേഷൻ മേഘ്ദൂത്’ എന്ന പേരിൽ സിയാച്ചിനിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹർബോള. പട്രോളിംഗിനിടെയാണ് ഇവർ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയത്. 15 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും മറ്റ് അഞ്ച് പേരെ കണ്ടെത്താനായില്ല. അതിൽ ഒരാളായിരുന്നു ഹർബോള.
ഹർബോളയുടെ ഭാര്യ ശാന്തി ദേവി താമസിക്കുന്ന സരസ്വതി വിഹാർ കോളനിയിലാണ് മൃതദേഹം എത്തിക്കുക. പൂർണ സൈനിക ബഹുമതികളോടെയായിരിക്കും അന്ത്യകർമങ്ങളെന്ന് ഹൽദ്വാനി സബ് കളക്ടർ മനീഷ് കുമാറും തഹസിൽദാർ സഞ്ജയ് കുമാറും അറിയിച്ചു. അതേസമയം, സിയാച്ചിനിൽ മറ്റൊരു സൈനികന്റെ മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ആരുടേതാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.