ഇടുക്കിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു
ഇടുക്കി: ജില്ലാതല സ്വാതന്ത്ര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. ഇടുക്കി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ വീട്ടിലേയ്ക്കയച്ചു.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളിലൊന്നിനെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് പോകുന്നതിനിടെ യുവതിയുടെ അരികിൽ എത്തിയപ്പോൾ നായ കൈയിൽ കടിക്കുകയായിരുന്നു. ബെൽജിയം മനിലോയിസ് വിഭാഗത്തിൽപ്പെട്ട നായയാണ് യുവതിയെ കടിച്ചത്.