സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിഭകള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം
കാസർകോട് :സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആദര സംഗമം സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭാ മൈതാനിയില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങള്ക്കൊപ്പമാണ് ജില്ലയില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റന്‍ കെ.എം കുഞ്ഞിക്കണ്ണന് നമ്പ്യാരെയും, സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായി സജീവമായി പോരാടിയ എകെജിയുടെ പേരില്‍ മകള്‍ ലൈലയെയും ആദരിച്ചു. ജില്ലയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ കാസറഗോഡ് ജില്ലാ കോ ഓര്‍ഡിനേറ്ററും, മദ്യ-മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളിയുമായ എന്‍.ജി.രഘുനാഥന്, ലഹരിക്കെതിരെ കൂടെയുണ്ട് എന്ന കാമ്പയിനിലൂടെ മൂന്നു മാസം കൊണ്ട് 200 ല്‍ അധികം ബോധവത്കരണ ക്ലാസ്സുകളും ചര്‍ച്ചകളും, നടത്തി 50,000 പേരെ ബോധവത്കരിക്കുകയും സഹസ്ര ശപഥം എന്ന പേരില്‍ ലഹരി വിരുദ്ധ ദിനത്തില്‍ രണ്ട് മണിക്കൂറില്‍ 10,000 പേരെ ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്ത ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്,
നാടന്‍ പശുവിന്റെ സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന മികച്ച ജൈവകര്‍ഷകനും മഹാത്മാ ദേശസേവ എഡ്യൂക്കേഷണല്‍ ചാരിറ്റസ്ള് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഹരിതാമൃതം പുരസ്കാരത്തിന് അര്‍ഹനുമായ പി.കെ.ലാല്‍, ഡി.വൈ.എസ്.പിമാരായ പി.ബാലകൃഷ്ണന് നായര്‍, സി.കെ സുനില്‍ കുമാര്‍, വി.വി.മനോജ് തുടങ്ങിയവരെയാണ് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദിഖ്, ജാസ്മിന് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.