ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; ആരോപണം അടിസ്ഥാനരഹിതമെന്ന് തിരുവല്ല ആശുപത്രി സൂപ്രണ്ട്
പത്തനംതിട്ട: ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതായി പരാതി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിലെ ഓക്സിജൻ തീർന്നുപോയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ശ്വാസംമുട്ടലിനെ തുടർന്ന് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രോഗം മൂർച്ഛിച്ചതോടെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥ എത്തിയപ്പോൾ ഓക്സിജൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ കാലിയാണെന്ന് ഡ്രൈവർ അറിയിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. തൊട്ടടുത്തുള്ള മറ്റേതെങ്കിലും ആശുപത്രിയിലെത്തിക്കാൻ കുടുംബം ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം കേൾക്കാനും ഡ്രൈവർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു.എന്നാൽ, ആരോപണം അടിസ്ഥാന രഹിതമെന്നാണ് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ പറഞ്ഞത്. ഓക്സിജൻ ലെവൽ 38% എന്ന ഗുരുതര നിലയിലാണ് രോഗി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത് . ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി 20 മിനിട്ടിന് ശേഷമാണ് മരിച്ചതെന്നും ഡോ.ബിജു നെൽസൺ പറഞ്ഞു. ആംബുലൻസിൽ ഓക്സിജൻ തീർന്നിട്ടില്ലെന്നാണ് ഡ്രൈവർ ബിജോയിയുടെ പ്രതികരണം. രോഗി ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം രോഗിയുടെ ബന്ധുവിനോട് ഡോക്ടർ പറയുന്നത് താൻ കേട്ടതാണെന്നും എന്തിനാണ് ഇത്തരത്തിൽ കള്ളം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ബിജോയ് പറഞ്ഞു.