തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട ഓര്‍ഡിനൻസ് സംബന്ധിച്ച് ഗവര്‍ണറുമായി യാതൊരു അഭിപ്രായ വ്യത്യാസവും സര്‍ക്കാരിന് ഇല്ലെന്ന് നിയമന്ത്രി എകെ ബാലൻ . ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിടാൻ വിസമ്മതിച്ചതിൽ ഭരണപരമായ ഒരു പ്രതിസന്ധിയുമില്ല. സർക്കാരും ഗവർണറും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞു.
പി സദാശിവം കേരള ഗവര്‍ണറായിരുന്ന കാലത്തും ഗവര്‍ണറുടെ അഭിപ്രായം കൂടി പരിഗണിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. അതുതന്നെ തുടരും. അങ്ങനെ എടുക്കുന്ന തീരുമാനത്തിന് ഗവര്‍ണറുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഗവർണർ മനപൂർവ്വം പ്രശ്നമുണ്ടാക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല.അടിയന്തര സാഹചര്യം എന്താണ് എന്ന് മാത്രമാണ് ഗവർണർ ചോദിച്ചത് . നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് ഒരു തടസവുമില്ലെന്നും എ കെ ബാലൻ പറഞ്ഞു.
ഗവർണറുമായി സർക്കാർ ഏറ്റുമുട്ടലിലാണെന്ന മാധ്യമ വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് മന്ത്രി ബാലന്റെ പ്രതികരണം.സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എസ,രാമചന്ദ്രന്‍പിള്ളയും ഡി.വൈ.എഫ്.ഐ.പ്രസിഡണ്ട് മുഹമ്മദ് റിയാസും ഇന്ന് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചതിന്റെ പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.