ഭിന്നശേഷി ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍സഹായം ഉറപ്പുവരുത്തും: സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ
കാസർകോട് :സാമൂഹ്യ സുരക്ഷാ മിഷനും മുളിയാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളുടെയും ശാരീരികമായും മാനസികവുമായ പ്രശ്നങ്ങള്‍ കണ്ടെത്തി തുടര്‍സഹായം ഉറപ്പുവരുത്തുമെന്ന് സി..എച്ച്.കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്നേഹ സാന്ത്വനം മെഗാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ രക്ഷാകര്ത്താക്കള് ആവശ്യപ്പെട്ടത് പ്രകാരം പുതിയതായി പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. ബോവിക്കാനം, തണല്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി അധ്യക്ഷത വഹിച്ചു.
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായുള്ള വളര്‍ച്ചക്കുറവ്, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളികള്‍, പഠനവൈകല്യം, അപസ്മാരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനാണ് ക്യാമ്പ് നടത്തിയത്. ഇങ്ങനെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, തെറാപ്പികള്‍ തൊഴില്‍ പരിശീലനം, പുനരധിവാസം, ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ ശാക്തീകരണം എന്നിവ ഉറപ്പുവരുത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്യാബിന്റെ ഭാഗമായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പരിശോധന, തെറാപ്പികള്‍, കൗണ്‍സിലിംഗ്, ആധാര്‍ എന്റോള്‍മെന്റ്, യു.ഡി.ഐ.ഡി കാര്‍ഡ്, പാരന്റല്‍ സപ്പോര്‍ട്ട് എന്നീ സേവനങ്ങള്‍ സംഘടിപ്പിച്ചു. രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സംഘടിപ്പിച്ച ക്യാമ്പില്‍ 135 കുട്ടികള്‍ പങ്കെടുത്തു.
സാമൂഹ്യസുരക്ഷാ മിഷന് പ്രതിനിധി മുഹമ്മദ് ഫൈസല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ റെയ്സ റാഷിദ്, അനീസ മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്തംഗങ്ങളായ അബ്ബാസ്, എം.അനന്യ, എ.ശ്യാമള, ജി.നാരായണിക്കുട്ടി, വി.സത്യവതി, രമേശന് മുതലപ്പാറ, പി.എ.നബീസ, മുളിയാര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. തണല്‍ ബഡ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സുമ സ്വാഗതവും കെ എസ് എസ് എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് നന്ദിയും പറഞ്ഞു.