വിവാഹിതരാകാൻ പോകുന്നവർക്ക് സമ്മാന കിറ്റുമായി ആശാവർക്കർമാർ വീട്ടിലെത്തും; കിറ്റിലുള്ളത് ദമ്പതികൾക്ക് അത്യാവശ്യം വേണ്ട ഈ സാധനങ്ങൾ
ഭുവനേശ്വർ: നവദമ്പതികൾക്ക് ഗർഭനിരോധന ഉറകളും ഗുളികകളും അടങ്ങിയ കിറ്റ് സൗജന്യമായി നൽകാനൊരുങ്ങി ഒഡീഷ സർക്കാർ. കേന്ദ്ര സർക്കാർ പദ്ധതിയായ മിഷൻ പരിവാർ വികാസിന്റെ ഭാഗമായാണ് ഈ തീരുമാനം. ‘നായി പഹൽ’, ‘നബദാംപതി’ എന്നീ പേരുകളിൽ അറിയപ്പെടുന്ന കിറ്റ് ആശാവർക്കർ നവദമ്പതികൾക്ക് എത്തിച്ചു നൽകും. ഇതോടൊപ്പം സുരക്ഷിതമായ ലൈംഗിക ബന്ധത്തെ പറ്റിയും കുടുംബാസ്രൂത്രണത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ബ്രോഷറുകളും നൽകും.ഓരോ കിറ്റിലും രണ്ട് ടവലുകൾ, നഖം വെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകൾ, കോണ്ടം, ഗർഭ നിരോധന ഗുളികകൾ, വിവാഹ രജിസ്ട്രേഷൻ ഫോം എന്നിവ ഉണ്ടായിരിക്കും. സംസ്ഥാനത്ത് കുടുംബാസൂത്രണ പദ്ധതി ശക്തിപ്പെടുത്തുമെന്നും നവദമ്പതികളിൽ ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുമെന്നും ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ബിജയ് പാനിഗ്രഹി പറഞ്ഞു. സെപ്തംബറോടുകൂടി പദ്ധതി നടപ്പാക്കി തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.