സിനിമ പ്രവര്‍ത്തകയെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു, ഒളിവിൽ പോയ വ്യവസായിക്കായി ഊർജിത തിരച്ചിൽ
ബംഗളൂരു: സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എൻജിനീയറായ പെൺകുട്ടിയെ തമിഴ്നാട്ടുകാരനായ വ്യവസായി ലെെംഗികമായി പീഡിപ്പിച്ചു. ഒളിവിൽ പോയ വ്യവസായിയെ കണ്ടുപിടിക്കുന്നതിനായുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.35 കാരിയായ യുവതിയുടെ പരാതിയെ തുടർന്ന് കാണാതായ വ്യവസായിയെ പിടികൂടാൻ ബംഗളൂരുവിലെ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ഓഗസ്റ്റ് ആറിന് ബംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. സംഭവശേഷം ഇയാൾ തമിഴ്നാട്ടിലേയ്ക്ക് കടന്നുവെന്നാണ് വിവരം.ആരോപണ വിധേയനായ വ്യവസായി തന്റെ അകന്ന ബന്ധുവാണെന്നാണ് യുവതി പറയുന്നത്. പീഡനത്തിന് ശേഷം ഇയാൾ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ഓഗസ്റ്റ് പത്തിനാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്.’യുവതി ഇപ്പോൾ ഒരു സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. സ്വന്തമായി സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതിന് സാമ്പത്തിക സഹായം ഇവർക്ക് ആവശ്യമായിരുന്നു. ഇരയായ യുവതി ആരോപണവിധേയനായ വ്യവസായിയെ തന്റെ ആപ്പിനെക്കുറിച്ച് വിവരിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.അവസരം മുതലെടുത്ത ഇയാൾ റൂമിലേയ്ക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു’- പൊലീസ് പറഞ്ഞു.