ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചു, പതാക ഉയർത്തിയത് തലതിരിച്ച്; സി പി എം നേതാവിനെതിരെ പരാതി
ആലപ്പുഴ: ദേശീയ ഗാനത്തെയും ദേശീയ പതാകയേയും അപമാനിച്ചെന്ന് പരാതി. ആലപ്പുഴ ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണനെതിരെയാണ് പരാതി. രാമകൃഷ്ണൻ സ്വന്തം വീട്ടിൽ തലതിരിച്ചാണ് പതാക ഉയർത്തിയതെന്നാണ് ആരോപണം.ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി അംഗമാണ് ജി രാമകൃഷ്ണൻ. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാംപെയിനിന് ഇന്നാണ് തുടക്കമായത്.മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധിയാളുകളാണ് ഇന്ന് തങ്ങളുടെ വീടുകളിൽ പതാക ഉയർത്തിയത്. പതിമൂന്നാം തീയതി മുതൽ മൂന്ന് ദിവസത്തേക്ക് വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.