ജില്ലയില്‍ പബ്ലിക് ഹെല്‍ത്ത് ലാബ് ഉടന്‍-മന്ത്രി വീണാ ജോര്‍ജ്ജ്
കാസർകോട് :എല്ലാ വിധ ലാബോറട്ടറി സൗകര്യങ്ങളും ജില്ലയില്‍ ലഭ്യമാക്കാന്‍ പബ്ലിക് ഹെല്‍ത്ത് ലാബ് മാര്‍ച്ചിന് മുമ്പ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ചെറുവത്തൂരിലെ തുരുത്തി കുടുംബാരോഗ്യ കേന്ദ്രംഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവിധ അസുഖങ്ങള്‍ക്കും ജില്ലയില്‍ തന്നെ ചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന് അടക്കമുളള ചിലവേറിയ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ നടത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച ഈ സേവനം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ആരംഭിക്കും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ന്യൂറോളജി, നെഫ്രോളജി സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റും പീഡിയാട്രിക് വാര്‍ഡും പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ ആശുപതിയില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നവകേരളം കര്‍മ്മ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ചെറുവത്തൂര്‍ തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്. കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറു വരെ ഒ.പി സേവനം ലഭ്യമാകും. ലാബോറട്ടറി, ശ്വാസകോശ രോഗങ്ങള്‍ക്കായി ശ്വാസ് ക്ലിനിക്, മാനസികാരോഗ്യ പരിചരണത്തിനായി ആശ്വാസ ക്ലിനിക് തുടങ്ങിയ സേവനങ്ങളും ലഭിക്കും. എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്, നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡന്റ് പി.വി.രാഘവന് , ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത്, നിലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം കെ.വല്ലി, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.രമണി, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.ആശ, രാജേന്ദ്രന് പയ്യാടക്കത്ത്, മുനീര്‍ തുരുത്തി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ.റിജിത്ത് കൃഷ്ണന്, ആര്‍ദ്രം മിഷന് ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.വി.സുരേശന് തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള സ്വാഗതവും തുരുത്തി എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.