കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും മന്ത്രി വീണാ ജോര്‍ജ്ജ്
കാസര്‍കോട് :കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് സവിശേഷമായ പരിഗണന നല്‍കേണ്ടതുണ്ടെന്നും അത് ഉറപ്പാക്കുകയാണ് ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ലക്ഷ്യമെന്നും മന്ത്രി വീണാ ജോര്‍ജ്ജ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ എസ് എന്‍ സി യുവിന്റെയും നവീകരിച്ച കുട്ടികളുടെ വാര്‍ഡിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന ദിവസങ്ങള്‍ പ്രായമായ കുഞ്ഞിന് ശസ്ത്രക്രിയ ആവശ്യമുണ്ട്. ഇതിനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാറിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ജില്ലാ ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ജില്ലയില്‍ ന്യൂറോളജിസ്റ്റ് ഇല്ല എന്നത്. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു. കാസര്‍കോട് ജില്ലയിലുള്ളവര്‍ അത്യാധുനിക ചികിത്സയ്ക്കായി മംഗളൂരുവിനെയും പരിയാരം മെഡിക്കല്‍ കോളേജിനെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് ഇവിടെ തന്നെ ചികിത്സ ഉറപ്പാക്കണം. അതിനുള്ള സംവിധാനം ഇവിടെ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കാത്ത്ലാബിലേക്ക് ആവശ്യമായ മെഷീന് സ്ഥാപിക്കാനുണ്ട്. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഒരു മാസത്തിനകം പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു. ലിഫ്റ്റിന്റെ പണി പൂര്‍ത്തീകരിക്കുകയും അഗ്നി രക്ഷാ സേനയുടെ എന്‍ഒസി ലഭ്യമാക്കുകയും ചെയ്താലുടന്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങും. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചെടുത്തോളം ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ.റിജിത് കൃഷ്ണന്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഇ.വി.ചന്ദ്രമോഹനന്, ജില്ലാ ആശുപതി എച്ച്.എം.സി അംഗങ്ങളായ അഡ്വ.കെ.രാജ്മോഹന്‍, പി.പി.രാജു അരയി, അഡ്വ.സി.വി.ദാമോദരന്‍, രതീഷ് പുതിയപുരയില്‍, പി.പി.രാജാന്, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്മാന് വി.വി.രമേശന് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് സ്വാഗതവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ് നന്ദിയും പറഞ്ഞു.