ഭാര്യയ്ക്കും മകൾക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ പട്ടം കഴുത്തിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
ന്യൂഡൽഹി: പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. ഡൽഹി ശാസ്ത്രി പാർക്കിന് സമീപമായിരുന്നു അപകടം. 35കാരനായ വിപിൻ കുമാറാണ് മരണപ്പെട്ടത്. ഇയാളുടെ ഭാര്യയും ഏഴ് വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നു.രക്ഷാബന്ധൻ ആഘോഷിക്കുന്നതിനായി വിപിൻ കുമാറിന്റെ ഭാര്യയുടെ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്. ശാസ്ത്രി പാർക്കിന് സമീപം എത്തിയപ്പോഴേക്കും വിപിന്റെ കഴുത്തിൽ പട്ടത്തിന്റെ നൂൽ കുടുങ്ങുകയായിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷമാണ് ബൈക്ക് നിർത്തിയത്. തുടർന്ന് ഭാര്യ ഹെൽമറ്റ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തിൽ കയർ കുടുങ്ങിയത് കണ്ടത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് വിപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കഴുത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വിപിൻ ബൈക്ക് നിർത്തിയതിനാൽ ഭാര്യയുടെ മകളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.രോഗിയായ ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് വിപിൻ കുമാറിന്റെ കുടുംബം. ഇങ്ങനെ ഒരു അപകടമുണ്ടായത് കുടുംബത്തെ തളർത്തിയെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും വിപിന്റെ ഭാര്യാസഹോദരൻ സച്ചിൻ പറഞ്ഞു.