ദേശീയ പതാക പിടിച്ചുവാങ്ങി, നിലത്തിട്ട് ചവിട്ടി; ബി ജെ പി നേതാവിന്റെ പരാതിയിൽ ജിം ഉടമ അറസ്റ്റിൽ
ഡെറാഡൂൺ: ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. ഉദംസിംഗ് നഗർ സ്വദേശിയും ജിം ഉടമയുമായ ഇഫ്തിഖർ ഹുസൈൻ ആണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡൽ ഉപാദ്ധ്യക്ഷൻ സോനു ശർമ്മയുടെ പരാതിയിലാണ് നടപടി. സിതാർഗഞ്ച് പ്രദേശത്ത് ഇന്നലെയായിരുന്നു സംഭവം.വീടുകളിൽ ത്രിവർണ പതാക ഉയർത്തിയില്ലെങ്കിൽ ജനങ്ങളുടെ ദേശീയത ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തരാഖണ്ഡ് ബി ജെ പി അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ടിന്റെ പരാമർശത്തിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം നടന്നത്. പതാക ഉയർത്താത്ത വീടുകളുടെ പേരും വിലാസവും നൽകാനും ഭട്ട് ആവശ്യപ്പെട്ടിരുന്നു.തുടർന്ന് ഹുസൈന്റെ അയൽവാസിയായ സോനു ശർമ്മയും പാർട്ടി പ്രവർത്തകരും പ്രദേശവാസികൾക്ക് പതാക വിതരണം ചെയ്യുകയായിരുന്നു. ഈ സമയം ഇഫ്തിഖർ ഹുസൈൻ തന്റെ കൈയിൽ നിന്ന് പതാകകളിലൊന്ന് തട്ടിയെടുത്ത്, നിലത്തിട്ട് ചവിട്ടെയെന്നാണ് പരാതി. 1971ലെ ദേശീയ ബഹുമതിയെ അപമാനിക്കൽ തടയൽ നിയമം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.