‘ഫണ്ട് തന്നാൽ ദേശീയപാതയിലെ കുഴികൾ അടയ്ക്കാം’: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാൻ എൻഎച്ച്എഐക്ക് (NHAI) സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡി കുഴിയടയ്ക്കാൻ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എൻഎച്ച്എഐ നൽകിയാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം. നേരത്തെ ആലപ്പുഴയിൽ സമാനമായ രീതിയിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു.