നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; സിനിമ-സീരിയൽ താരത്തിനും സുഹൃത്തിനും പരിക്ക്, രക്ഷപ്പെട്ടത് അത്ഭുതകരമായി
തൃശൂർ: ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപം തകർന്നുകിടക്കുന്ന റോഡിൽ നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ- സീരിയൽ താരം അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന കാർ റോഡിലെ കല്ലിൽ കയറി താഴേക്ക് മറിയുകയായിരുന്നു. കാർ പലതവണ കരണം മറിഞ്ഞ് ഒരു മരത്തിൽ തട്ടിനിന്നു. കാറിനുള്ളിൽ എയർബാഗ് ഉണ്ടായിരുന്നതിനാൽ ഇരുവർക്കും കാര്യമായ പരിക്കേറ്റില്ല.കാറിൽ നിന്ന് പുറത്തിറങ്ങിയ ഇവർ ഏറെ ബുദ്ധിമുട്ടി കൊക്കയിൽ നിന്ന് റോഡിലേക്ക് കയറുകയായിരുന്നു. തുടർന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിൽ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരമറിയിച്ചു. വനപാലകർ ഇവർക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നൽകി തിരികെ പോകുന്നതിനായി ജീപ്പും സംഘടിപ്പിച്ചു നൽകി.