കൊലക്കത്തിയുമായി കൊച്ചിയെ വിറപ്പിച്ച് ക്രിമിനലുകള്‍; ലഹരിമരുന്നിന് അടിമകളായവരുടെ വിളയാട്ടം
കൊച്ചി: കൊടും ക്രിമിനലുകള്‍ കൊലക്കത്തിയുമായി കൊച്ചിയെ വിറപ്പിക്കുകയാണ്. നേരം ഇരുട്ടുന്നതോടെ ക്രിമിനലുകള്‍ നഗരത്തിലെങ്ങും വിലസുന്നത് പതിവായിരിക്കുന്നു. ഒട്ടു മിക്ക കേസുകളിലും ലഹരിമരുന്നിനടിമകളായ യുവാക്കളാണ് വിളയാടുന്നത്. കഴിഞ്ഞ ദിവസം രാത്രി നോര്‍ത്തില്‍ ടൗണ്‍ ഹാളിനടുത്തുള്ള ഹോട്ടലില്‍ അടുത്തിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോളാണ് ഒരാളെ കുത്തിവീഴ്ത്തിയത്. വ്യാഴാഴ്ച രാത്രിയാണ് തൃപ്പൂണിത്തിറയ്ക്കടുത്ത് കാഞ്ഞിരമറ്റത്ത് യുവാവിനെ കുത്തി വീഴ്ത്തിയത്.
ഏതാനും ദിവസം മുമ്പാണ് സുഹൃത്തിനു നേരേ കത്തി വീശിയ ഒരു യുവാവ് നോര്‍ത്തില്‍ സ്വയം കഴുത്തു മുറിച്ച് മരിച്ചത്. കഞ്ചാവ് വലിക്കുന്നത് മഹത്തായ കാര്യമാണെന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്ന വ്ലോഗര്‍ മട്ടാഞ്ചേരിയില്‍ പിടിയിലായതും കഴിഞ്ഞ ദിവസം. മട്ടാഞ്ചേരിയിലെ നമ്പര്‍ 18 ഹോട്ടലിലെ ലഹരിക്കൂത്തിനെത്തുടര്ന്നാണ് ബൈപ്പാസിനെ കുരുതിക്കളമാക്കി മൂന്നു പേര്‍ക്ക് ജീവന് പോയത്.
യുവാക്കളുടെ ജീവനെടുക്കുന്ന ലഹരി-ക്രിമിനല്‍ വിളയാട്ടം പതിവു സംഭവമാകുമ്പോളും പ്രശ്നത്തിനൊരു പരിഹാരം തേടാന്‍ ആരും ശ്രമിക്കുന്നതു തന്നെയില്ല. മാരക ലഹരിമരുന്നുകളുമായി യുവാക്കള്‍ പിടിയാലാകുന്നത് നിത്യസംഭവമായിട്ടുണ്ട്.
ഹോട്ടലില്‍ ഭക്ഷണംകഴിക്കാന്‍ വന്ന യുവാവിനെ കൊലപ്പെടുത്തിയയാളും ലഹരിക്ക് അടിമയാണെന്നാണ് പോലീസിന് കിട്ടിയ വിവരം. 2021 നവംബര്‍ 29-ന് തനിച്ചു താമസിച്ച വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്. പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്ന തുണ്ടിപ്പറമ്പില്‍ പരേതനായ ചാണ്ടിയുടെ ഭാര്യ സില്‍വി(64)ക്ക് നേരേയായിരുന്നു അന്ന് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ടെറസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഇയാള്‍, സില്‍വിയുടെ തലയ്ക്ക് വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. സ്വര്‍ണമാലയും വീട്ടില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും അപഹരിച്ചിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സില്‍വി ഇപ്പോഴും പൂര്‍ണമായി സുഖംപ്രാപിച്ചിട്ടില്ല. അതിനിടെയാണ് കൊലപാതകം നടത്തി ഇയാള്‍ മുങ്ങിയത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരം ഇപ്പോഴും സാമൂഹികവിരുദ്ധരുടെ താവളമാണ്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനു മുന്നിലെ ഹോട്ടലില്‍ കാഷ്കൗണ്ടറിലിരുന്ന ഹോട്ടലുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവമുണ്ടായി.
ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി വിലസുന്ന എറണാകുളം നോര്‍ത്ത് പ്രദേശത്തെ സാമൂഹികവിരുദ്ധരെ അമര്‍ച്ചചെയ്യാന്‍ പോലീസ് കര്‍ശന നടപടിയെടുക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ആവശ്യപ്പെട്ടു. പോലീസ് പട്രോളിങ് കര്‍ശനമാക്കണമെന്നും രാത്രിപോലീസിന്റെ സ്ഥിരം സാന്നിധ്യം ആവശ്യമാണെന്നും വഴിവിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരനും ജില്ലാ സെക്രട്ടറി കെ.ടി. റഹീമും ആവശ്യപ്പെട്ടു.