വിദ്യാലയങ്ങളിലെ ലിംഗസമത്വ പരിഷ്കാരങ്ങള്‍ക്കെതിരെ സമസ്ത; പള്ളികളില്‍ പ്രചാരണം നടത്തും
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ജന്‍ഡര്‍ ന്യൂട്രല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ കടുത്ത നിലപാടുമായി സമസ്ത. സര്‍ക്കാര്‍ പാഠ്യ പദ്ധതി പരിഷ്കരിക്കുമ്പോള്‍ ജന്‍ഡര്‍ ന്യൂട്രല്‍ പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനെതിരെ സമസ്ത ഈ മാസം 24-ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും. മതനിരാസം പ്രചരിപ്പിക്കുന്നതിന് എതിരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ വിശ്വാസികളെ ബോധവത്കരിക്കാനും സമസ്ത തീരുമാനിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങളാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുക. പള്ളി ഖത്തീബുമാര്‍ സെമിനാറില്‍ പങ്കെടുക്കും. ഇവര്‍ പള്ളികളില്‍ വിശ്വാസികളെ ബോധവത്കരിക്കാനാണ് സമസ്തയുടെ തീരുമാനം. യൂണിഫോമിന്റെ പേരില്‍ പ്രത്യേക രാഷ്ട്രീയ അജന്‍ഡയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്നാണ് സമസ്തയുടെ ആരോപണം.
ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗം വ്യക്തമാക്കിയിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കാന്തപുരം സുന്നി വിഭാഗവും പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.
ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിനെതിരേ ലീഗിന്റേതുള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചതും. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിനെതിരേ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുമെന്ന് യോഗശേഷംനടന്ന പത്രസമ്മേളനത്തില്‍ പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ പറയുകയുണ്ടായി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍കഴിയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മുസ്ലിം സംഘടനകള്‍ നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് പള്ളികള്‍വഴി ബോധവത്കരണം നടത്താന്‍ സമസ്ത തീരുമാനിച്ചിരിക്കുന്നത്.
വിശ്വാസവും ജീവിതമര്യാദയും റദ്ദ് ചെയ്ത് കേരളത്തിലെ കലാലയങ്ങളില്‍ ഏക പക്ഷീയമായ ലിബറല്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്ന് മുസ്ലിം സംഘനടകളുടെ യോഗം അഭിപ്രായപ്പെട്ടു. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ചോദ്യംചെയ്യുന്നത്. ഇത് കേവലം വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുസര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഈ ശ്രമത്തില്‍നിന്ന് പിന്മാറണമെന്നും മുസ്ലിംസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
വഖഫ്ബോര്‍ഡ് നിയമന വിഷയത്തിലടക്കം ലീഗിന് വിരുദ്ധമായ നിലപാടാണ് കാന്തപുരം വിഭാഗത്തിനുണ്ടായിരുന്നത്. ലീഗ് വിളിച്ചുചേര്‍ക്കുന്ന മുസ്ലിംസംഘടനകളുടെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാറായിരുന്നു പതിവ്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് സംസ്ഥാനസര്‍ക്കാരിനെതിരായ വിഷയത്തില്‍ ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുത്തത്.