ചണ്ഡിഗഡ്: വിവാഹത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ യുവതിയെ മുഖംമൂടി ധരിച്ചെത്തിയ സംഘം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് 90 ശതമാനം പൊള്ളലേറ്റതായും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനുവരി 17നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം വിശ്വകര്മപുരി പ്രദേശത്തെ യുവതിയുടെ വസതിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ബലമായി പിടിച്ചുവെച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.
മുഖം മൂടി ധരിച്ച രണ്ട് പേര് വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി യുവതിയുടെ പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആരും വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടില്ലെന്നാണ് സിസിടിവി പരിശോധിച്ച പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.