രണ്ട് കുട്ടികളുടെ അമ്മയായ സുജിത കാമുകനൊപ്പം കുറച്ച് നാൾ താമസിച്ച് തിരിച്ചെത്തി, വയർ വീർത്തപ്പോൾ എല്ലാവരെയും വിശ്വസിപ്പിച്ചത് മറ്റൊരു കള്ളം പറഞ്ഞ്; പ്രസവിച്ചയുടൻ അരുംകൊല
തൊടുപുഴ: പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. സംഭവത്തിന് ശേഷം രക്തസ്രാവത്തെ തുടർന്ന് അവശയായ അമ്മ ഉടുമ്പന്നൂർ സ്വദേശിനി സുജിത (28) തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10.30ന് ഉടുമ്പന്നൂർ മങ്കുഴിയിലാണ് ദാരുണ സംഭവമുണ്ടായത്.
കുളിമുറിയിൽ കയറി ഏറെ കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടർന്ന് ഭർത്താവ് തട്ടിവിളിച്ചപ്പോഴാണ് സുജിത വാതിൽ തുറക്കുന്നത്. രക്തസ്രാവത്തെ തുടർന്ന് അവശയായ നിലയിൽ കണ്ട യുവതിയെ ഭർത്താവ് അയൽവാസിയുടെ സഹായത്തോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ യുവതി പ്രസവിച്ചതാണെന്ന് ഡോക്ടർക്ക് ബോദ്ധ്യമായി. എന്നാൽ യുവതി ഇത് നിഷേധിച്ചു. ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. പുലർച്ചെ നാല് മണിയോടെ കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുളിമുറിയിൽ നിന്ന് പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രസവിച്ചകാര്യം സുജിത സമ്മതിച്ചത്.
പ്രസവിച്ചപ്പോൾ തന്നെ കുട്ടിക്ക് അനക്കമില്ലായിരുന്നെന്ന് യുവതി പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. പിന്നീട് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ വീപ്പയിൽ ഉപേക്ഷിച്ചതെന്നും മൊഴി നൽകി. ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുള്ള യുവതി ഒമ്പത് മാസം മുമ്പ് മറ്റൊരാൾക്കൊപ്പം തമിഴ്നാട്ടിലെ ഗുണ്ടൽപേട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നു.
തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പൊലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരികെ കൊണ്ടുവന്നത്. കുഞ്ഞ് തന്റെയല്ലെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഭർത്താവാണ് കുഞ്ഞിന്റെ അച്ഛനെന്ന് യുവതിയും പറയുന്നു. ശരീരത്തിലെ മാറ്റം കണ്ട് ആശാ പ്രവർത്തക അന്വേഷിച്ചെങ്കിലും ശരീരം വണ്ണം വയ്ക്കാൻ മരുന്നു കഴിക്കുന്നുണ്ടെന്നായിരുന്നു സുജിത മറുപടി നൽകിയത്. തൃശൂർ കൊരട്ടി സ്വദേശിയായ സുജിതയുടെയും ഭർത്താവിന്റെയും പ്രേമവിവാഹമായിരുന്നു. കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരനാണ് അന്വേഷണ ചുമതല.