പട്ടാപ്പകൽ നടുറോഡിൽ ആദിവാസി യുവതിയെ വസ്ത്രമഴിച്ച് മർദ്ദിച്ചു; നാല് പേർ അറസ്റ്റിൽ
ഭോപ്പാൽ: യുവതിയെ നടുറോഡിൽ വസ്ത്രമഴിച്ച് തല്ലിച്ചതച്ചു. മദ്ധ്യപ്രദേശിലെ ജബുവ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട നാല് യുവാക്കൾ അറസ്റ്റിലായി.
റുപരേൽ സ്വദേശിയായ യുവതി മാസങ്ങൾക്ക് മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച ശേഷം മുകേഷ് എന്നയാളോടൊപ്പം ജീവിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ബുധനാഴ്ച ഇവർ ഭർത്താവിനരികിലേക്ക് തിരികെയെത്തി. ഭർത്താവ് ഇവരെ സ്വീകരിക്കുകയും ചെയ്തു. മുകേഷ് യുവതിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇക്കാരണത്താലാണ് ഇവർ തിരികെയെത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതനായ മുകേഷ് സുഹൃത്തുക്കളുമായെത്തി യുവതിയെ മർദ്ദിക്കുകയായിരുന്നു. ഇവരുടെ ഭർത്താവിനും മർദ്ദനത്തിൽ പരിക്കേറ്റു.
ഇതിനിടെ പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. യുവതിയെ മർദ്ദിക്കുകയും വസ്ത്രമഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.