സ്റ്റേഷനിലെത്തിച്ച് അധികസമയം ആകുന്നതിന് മുമ്പ് വിനീഷയുടെ ഫോണിൽ റേറ്റ് അന്വേഷിച്ച് ഇടപാടുകാരുടെ ഫോൺകോൾ മേളം: വാട്സാപ്പ് സന്ദേശങ്ങൾ കണ്ട് പോലീസുകാർ അന്തംവിട്ടു
വിഴിഞ്ഞം: കോട്ടുകാൽ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയിൽ നിന്ന് 20 പവൻ സ്വർണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുത്തൻകോട്ട,വട്ടവിള, വലിയവിളാകം മേലേ വീട്ടിൽ നവീനിന്റെ ഭാര്യ വിനീഷയെയാണ് (26) വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി നെടുമങ്ങാട് ജുവലറിയിൽ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. വിനീഷയിൽ നിന്ന് രണ്ട് പവനോളം സ്വർണവും മറ്റ് സ്വർണാഭരണങ്ങൾ വിറ്റ ഇനത്തിൽ നാലര ലക്ഷത്തിലധികം രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 27ന് രാത്രി 8.30തോടെ വിഴിഞ്ഞം ഉച്ചക്കട വട്ടവിളയിൽ സുകൃത ഫിനാൻസ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തൻ വീട്ടിൽ വി.പി.പത്മകുമാറിൽ നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേർ പണവും സ്വർണവും അടങ്ങുന്ന ബാഗ് തട്ടിയെടുത്തു കടന്നത്. പിടിയിലായവർ കാറിൽ ഇരുന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. കേസിൽ നവീനിനെ കൂടാതെ കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ജി.എസ്.ഗോകുൽ(23), വട്ടവിള തുണ്ടുവിള വീട്ടിൽ വിമൽകുമാർ എന്നുവിളിക്കുന്ന വിനീത്(34) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ നവീനിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് വിനീഷ പിടിയിലായത്.
കരമനയിൽ കഴിഞ്ഞ വർഷം ലോഡ്ജിൽ പെൺവാണിഭ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിലെ പ്രതിയും ഭർത്താവുമൊത്ത് നടത്തുന്ന പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് വിനീഷയെന്ന് എസ്.എച്ച്.ഒ പറഞ്ഞു. തട്ടിപ്പറിച്ച സ്വർണം വിറ്റ് ഒരു ജുവലറിയിൽ നിന്ന് പുതിയ കമ്മലും മോതിരവും വാങ്ങിയ ശേഷം അടുത്ത ജുവലറിയിൽ കൂടുതൽ സ്വർണം വിൽക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. പിടിച്ചു പറിച്ച തുക സംഘം പങ്കിട്ടെടുത്തു. സ്വർണം വിറ്റും തുക പങ്കു വയ്ക്കാനായിരുന്നു പദ്ധതി. അതിനായി വിനീഷയെ സ്വർണം വിൽക്കാൻ ഏൽപ്പിക്കുകയായിരുന്നു.
എസ്.എച്ച്.ഒയെ കൂടാതെ എസ്.ഐമാരായ കെ.എൽ.സമ്പത്ത്, വിനോദ്, ലിജോ പി.മണി, സി.പി.ഒമാരായ അരുൺ മണി, ചന്ദ്രലേഖ, മൈന എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസിൽ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
റേറ്റ് ചോദിച്ച് ഫോണിലേക്ക് നിരന്തര വിളി…
വിനീഷ പിടിയിലായതിന് പിന്നാലെ പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിലേക്ക് ഇടപാടുകാരുടെ തുടർച്ചയായ വിളികളെന്ന് പൊലീസ്. കൂടാതെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശങ്ങളും എത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. വാണിഭ ഇടപാടിലൂടെ പ്രതിദിനം 12000 ത്തോളം രൂപ വരുമാനം കിട്ടുമായിരുന്നെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വാണിഭ സംഘത്തിൽ ഉത്തരേന്ത്യൻ യുവതികൾ വരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. നവീനിന് പൂജപ്പുര, കാട്ടാക്കട, വട്ടിയൂർക്കാവ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.