തമിഴ്നാട്ടില്‍ യുവതിയെ കാറില്‍ വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; 6 പേര് അറസ്റ്റില്‍
ചെന്നൈ: ടാക്സി ഡ്രൈവറെ ഇറക്കിവിട്ട ശേഷം യുവതിയെ കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തു. രാത്രിയില്‍ യുവതി ടാക്സിയില്‍ വരുമ്പോള്‍ താംബരം-മധുരവയല്‍ ബൈപ്പാസിലാണ് സംഭവമെന്ന് ആവഡി പോലീസ് അറിയിച്ചു. കേസില്‍ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയും ഭര്‍ത്താവും ചേര്‍ന്ന് നഗരത്തില്‍ ചായക്കട നടത്തുന്നുണ്ട്. രാത്രി കുടുംബസുഹൃത്തിന്റെ ടാക്സിയിലാണ് വീട്ടിലേക്കു മടങ്ങാറുള്ളത്.കഴിഞ്ഞദിവസം യുവതി ടാക്സി ഡ്രൈവറോടൊപ്പം മടങ്ങുമ്പോള്‍ മധുരവയല്‍ ടോള്‍ ബൂത്തിനടുത്ത് കാര്‍ നിര്‍ത്തി.
ഒരു യുവാവ് ഇരുവരെയും ചോദ്യംചെയ്തു. ഇത് വഴക്കിലും കൈയേറ്റത്തിലും കലാശിച്ചു. കുപിതനായ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഡ്രൈവറെ ഇറക്കിവിട്ടശേഷം കാര്‍ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെവെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. എട്ടുപവന്‍ സ്വര്‍ണമാലയും കവര്‍ന്നു.
പരിക്കേറ്റ ഡ്രൈവര്‍ വിവരം നല്‍കിയതനുസരിച്ച് പോലീസ് സംഘമെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഘത്തലവനെയും കൂട്ടാളികളായ അഞ്ചു പേരേയും പിടികൂടിയതായി പോലീസ് അറിയിച്ചു.