വിമാനത്തിൽ പുകവലി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്, അന്വേഷണം
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പുകവലിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ജനുവരി 23-ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഗുഡ്ഗാവ് സ്വദേശിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ബോബി കറ്റാരിയാണ് വിമാനത്തിൽ പുകവലിച്ചത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വേരിഫൈഡ് ആണ്. പുകവലി ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
അപകടകരമാം വിധത്തിൽ വിമാനത്തിലെ സീറ്റിൽ കിടന്ന് സിഗരറ്റ്, ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും തുടർന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുകയും കേന്ദ്രമന്ത്രി നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരത്തിലുള്ള അപകടകരമായ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.