അറക്കാനെത്തിച്ച പോത്ത് കെട്ടുപൊട്ടിച്ചോടി; തളിപ്പറമ്പില്‍ പോത്തിന്റെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: തളിപ്പറമ്പില്‍ ജെല്ലിക്കെട്ട് മോഡലില്‍ പോത്തിന്റെ പരാക്രമം. കെട്ടുപൊട്ടിച്ചോടിയ പോത്തിന്റെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ തളിപ്പറമ്പിൽ ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. അറക്കാനായി കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ചോടി പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയത്. വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ഒരു വിദ്യാർത്ഥിക്കും രണ്ട് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്.
തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സിദ്ധാർത്ഥ്, വാട്ടർ അതോറിറ്റി ജീവനക്കാരി ശ്രീകണ്ഡാപുരത്തെ രജനി, തളിപ്പറമ്പ് വനിത സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റ് വത്സല എന്നിവർക്കാണ് പരിക്കേറ്റത്. റോഡിലൂടെ നടന്ന് പോകവെയാണ് മൂന്ന് പേരെയും പോത്ത് ഇടിച്ചിട്ടത്. നിരവധി ഇരുചക്ര വാഹനങ്ങളെയും കാൽനടയാത്രക്കാരെയും പോത്ത് ഓടുന്നതിനിടയില്‍ തട്ടിയിട്ടിരുന്നു.
സിദ്ധാര്‍ത്ഥിനെ വിരണ്ടോടിയ പോത്ത് ഇടിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് മുന്നിലൂടെ നടന്ന് പോകവെയാണ് സിദ്ധാര്‍ത്ഥിനെ പോത്ത് ഇടിച്ചിട്ടത്. അവിടെ നിന്നും ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയെത്തിയ പോത്ത് താലൂക്ക് ഓഫിന് മുന്നിൽ നിൽക്കുകയായിരുന്ന സ്ത്രികളെയും ആക്രമിക്കുകയായിരുന്നു.