സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; മൂന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി അറസ്റ്റില്‍
സുള്ള്യ: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പത്ത് പേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.
കഴിഞ്ഞ 26-ന് രാത്രിയാണ് കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയില്‍ പങ്കാളികളായ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് സംഘം എത്തിയതെന്ന് പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി ബെല്ലാരെ പോലീസ് കേരള പോലീസിന്റെ സഹായം തേടിയിരുന്നു.
ബി.ജെ.പി. ഭരണത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാര്‍ട്ടിപ്രവര്‍ത്തകരുടെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെയും ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് ആരോപണം.
ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ രാത്രി ഒന്‍പതുമണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്.