കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടി, അതുകൊണ്ട് അവർ രക്ഷപ്പെട്ടു: വിവാദ പരാമർശങ്ങളുമായി വീണ്ടും പി സി ജോർജ്
കോട്ടയം: സിനിമാതാരം ദിലീപ് പ്രതിയായ കേസിലെ അതിജീവിതയെ വീണ്ടും അപമാനിച്ച് പൂഞ്ഞാർ മുൻ എം എൽ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോർജ്. കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവർ രക്ഷപ്പെട്ടുവെന്നുമായിരുന്നു കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പി സി ജോർജിന്റെ പരാമർശം. വ്യക്തിജീവിതത്തിൽ അവർക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാൽ ഈ ഇഷ്യു ഉണ്ടായതിനാൽ അവർക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെന്നും പി സി ജോർജ് പറഞ്ഞു. അതിജീവിതയ്ക്കെതിരെയുള്ള മോശം പരാമർശം ചോദ്യംചെയ്ത മാദ്ധ്യമപ്രവർത്തകരോടും അദ്ദേഹം തട്ടിക്കയറി.വാഹനാപകടത്തിൽ മാദ്ധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോർജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടർസ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ പ്രവർത്തകനെ മുസ്ളിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടത്. ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും പി സി ജോർജ് പറഞ്ഞു.