കഞ്ചാവ് കേസിലെ പ്രതി ജയില്‍ചാടി; രക്ഷപ്പെട്ടത് ശൗചാലയത്തിലെ എയര്ഹോള് വഴി
വടകര: ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി വടകര സബ്ജയിലില്നിന്നുചാടി രക്ഷപ്പെട്ടു. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി ഫഹദ് (25) ആണ് ജയില്‍ ചാടിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
ജയിലിലെ തടവുകാര്‍ക്കുള്ള ശൗചാലയത്തിന്റെ എയര്ഹോള്വഴിയാണ് പ്രതി പുറത്തുചാടി രക്ഷപ്പെട്ടത്. കഞ്ചാവുകേസില്‍ എക്സൈസ് അറസ്റ്റുചെയ്ത പ്രതിയാണ് ഫഹദ്.
വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത ഫഹദ് ജൂണ്‍ ഏഴിനാണ് ജയിലിലെത്തുന്നത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്.
വൈകുന്നേരത്തെ ദിനചര്യകള്‍ക്കായി ശൗചാലയത്തില്‍ കയറിയ ഫഹദ് തിരികെവരാന്‍ വൈകിയതോടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഇയാള്‍ എയര്ഹോള്വഴി പുറത്തുചാടി രക്ഷപ്പെട്ടതായി കണ്ടെത്തി. ജയില്‍വളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയര്ഹോള് തുറക്കുന്നത്.
16 റിമാന്‍ഡ് പ്രതികളാണ് നിലവില്‍ വടകര സബ്ജയിലിലുള്ളത്. വേണ്ടത്ര സുരക്ഷയോ, അടച്ചുറപ്പോ ഇല്ലാത്ത പഴയ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി വടകര സബ്ജയില്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ജയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്