ഒടുവിൽ കണിച്ചുകുളങ്ങര കൂട്ടക്കൊലയിലെ കൊലയാളി ലോറിക്ക് ‘വധശിക്ഷ’
നാടിനെ നടുക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലയിലെ വില്ലന്‍ ലോറിക്കു ‘വധശിക്ഷ’. കൃത്യത്തിനുപയോഗിച്ച വാഹനം പൊളിക്കുന്നതിന്റെ ഭാഗമായാണു നടപടി. ഇതിന്റെ ഭാഗമായി ലോറിയുടെ രജിസ്ട്രേഷന് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ നടപടിയായാണ് കണിച്ചുകുളങ്ങര കേസിലെ ലോറിയും ഉള്‍പ്പെട്ടത്. തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസിലെ പ്രതിയായ മുഹമ്മദ് നിഷാം ഉപയോഗിച്ച ഹമ്മറും ഇതോടൊപ്പം പൊളിക്കുന്നുണ്ട്. വാഹനം പൊളിക്കാന്‍ പോലീസാണ് തുടര്‍നടപടിയെടുക്കുന്നത്.
2005 ജൂലായ് 20-നാണ് കണിച്ചുകുളങ്ങര കവലയില്‍ ആസൂത്രിത അപകടത്തില്‍ എവറസ്റ്റ് ചിട്ടിഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന് എന്നിവര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചിട്ടിക്കമ്പനികള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു കൊലപാതകത്തിനു കാരണം. കോട്ടയം രജിസ്ട്രേഷനിലുള്ള കെ.ആര്.ഒ. 1760 ലോറിയാണ് ഉപയോഗിച്ചത്.
കാറിന്റെ സഞ്ചാരപാതയറിഞ്ഞു ലോറിയിടിപ്പിച്ചായായിരുന്നു കൂട്ടക്കൊല. ലോറിഡ്രൈവറായിരുന്ന ഉണ്ണിയായിരുന്നു ഒന്നാംപ്രതി. ഉണ്ണി, കൊലപാതകം ആസൂത്രണംചെയ്ത പറവൂര്‍ ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ് ഡയറക്ടര്‍മാരായ സജിത്ത്, ബിനീഷ് എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. ഹിമാലയ കമ്പനിയുടെ മാനേജരായിരുന്ന രമേഷ് പുതിയ ചിട്ടിക്കമ്പനി തുടങ്ങിയതിലുള്ള പകയായിരുന്നു കൊലയ്ക്കു കാരണം.
പ്രതികള്‍ ഇരുമ്പഴിക്കുള്ളിലായെങ്കിലും ‘കൊലയാളി ലോറി’ മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ കിടക്കുകയായിരുന്നു. സംഭവം നടന്ന് 17 വര്‍ഷം പിന്നിടുമ്പോഴാണ് ലോറിക്കെതിരേയും നടപടിയെടുക്കുന്നത്. ലോറി നശിച്ച് ഉപയോഗശൂന്യമായിട്ടുണ്ടെങ്കിലും രജിസ്ട്രേഷന് നിലനില്‍ക്കുന്നുണ്ടായിരുന്നു.
ചേര്‍ത്തല മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബിജുവാണ് ലോറി പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് ചേര്‍ത്തല ജോയിന്റ് ആര്.ടി.ഒ. ജെബി ചെറിയാനും കോട്ടയം ജോയിന്റ് ആര്.ടി.ഒ. ജി. ജയരാജിനും നല്കി രജിസ്ട്രേഷന് റദ്ദാക്കിയത്. രേഖകള്‍ ലഭിക്കുന്നതിനനുസരിച്ചു ലേലനടപടികള്‍ തുടങ്ങുമെന്ന് പോലീസ് അറിയിച്ചു.