ഷിഗെല്ല ബാധിച്ച് കോമയിലായ മുഹമ്മദ് സാലിഹിനെ കൈവിട്ട് മെഡിക്കല്‍ കോളേജ്
കോഴിക്കോട്: ഷിഗെല്ല ബാധിച്ച് കോമയിലായ നാലര വയസ്സുകാരന് മുഹമ്മദ് സാലിഹിനെ കൈവിട്ട് മെഡിക്കല്‍ കോളേജ്. ഇനി മരുന്നൊന്നും കൊടുക്കാനില്ലെന്നും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിർദേശിച്ച് ഡിസ്ചാര്‍ജ് നല്‍കിയെന്ന് സാലിഹിന്റെ പിതാവ് അബ്ദുള്‍ ഗഫൂര്‍ പറുയുന്നു. മാത്രമല്ല, തുടര്‍ന്നങ്ങോട്ട് എന്ത് ചികിത്സ നല്‍കണമെന്ന് പോലും പറഞ്ഞില്ലെന്നും അബ്ദുള്‍ ഗഫൂര്‍ പറയുന്നു.
നിലവില്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് കുട്ടിയുള്ളതെങ്കിലും അവിടെ നിന്ന് മാറ്റണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തുചെയ്യണമെന്നറിയില്ലെന്നും ആരോഗ്യമന്ത്രിയടക്കമുള്ളവര് ഇടപെട്ട് കുട്ടിയെ രക്ഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 26 മുതലാണ് മുഹമ്മദ് സാലിഹ് മെഡിക്കല്‍ കോളേജില്‍ കോമയിലായത്.
കുഞ്ഞ് കൈയും കാലും ഇളക്കുന്നുണ്ട്. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടുമെന്ന് കുടംബത്തിന് പ്രതീക്ഷയുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് ഇടപെടലുണ്ടാവണമെന്നാണ് ഇവര്‍ പറയുന്നത്. ഓട്ടോ തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിന് സ്വകാര്യ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ തേടാനള്ള സാഹചര്യവുമില്ല. ചികിത്സാ നിഷേധം ആരോപിക്കപ്പെട്ടതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.